കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഒരു ഗഡുവെങ്കിലും ഉടൻ നൽകാനാകുമോയെന്നതിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം.
കുടിശിക എട്ടു ഗഡുവായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഇതുവരെ തുടർ നടപടി ഉണ്ടായില്ലെന്ന് ആരോപിക്കുന്ന ഉപഹർജിയാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ബെഞ്ച് പരിഗണിച്ചത്.
ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സമയം വേണമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി ഏപ്രിൽ എട്ടിനു പരിഗണിക്കാൻ മാറ്റി.
കുടിശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് അവസാനം നൽകാൻ ഉത്തരവിടണമെന്നും ന്യായമായ പലിശ വേണമെന്നുമാണ് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹർജിയിലെ ആവശ്യം.
അനുവദിച്ച ഡിഎയുടെ അവസാന ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും കുടിശിക 2026-27 സാമ്പത്തികവർഷം എട്ടു ഗഡുക്കളായി നൽകുമെന്നുമാണ് സർക്കാരിനായി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ പി.കെ.ബാബു അറിയിച്ചത്.